ചാലക്കുടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാക്കുന്നതിനു സമഗ്രമായ ഗതാഗതപരിഷ്കാരങ്ങൾക്ക് നഗരസഭ കൗൺ സിൽ അംഗീകാരം നൽകി. ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ ചർച്ചചെയ്തുകൊണ്ടാണു കൗൺ സിൽ തീരുമാനം എടുത്തത്.
കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിൽ പടിഞ്ഞാറുഭാഗത്ത് മുനിസിപ്പൽ ജംഗ്ഷൻ മുതൽ അടിപ്പാത വരെ വടക്കുഭാഗത്തേക്ക് വാഹനഗതാഗതം നിരോധിച്ച്, ഈ ഭാഗം വൺവേ ആക്കും. ഇതുവഴിവരുന്ന വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡുവഴി ട്രാംവെ റോഡിലേക്കു പ്രവേശിച്ച് അടിപ്പാതവഴി പോകണം.
റെസ്റ്റ് ഹൗസിനുസമീപം ഇറിഗേഷൻ ഓഫീസിന്റെ മുൻഭാഗത്തുനിന്നും സർവീസ് റോഡിലേക്കു കിഴക്കോട്ടുള്ള ഗതാഗതം നിരോധിക്കും. തൃശൂർ ഭാഗത്തു നിന്നും സർവീസ് റോഡുവഴി വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിൽ പടിഞ്ഞാറുഭാഗത്തേക്ക് പ്രവേശനം ഉണ്ടാവില്ല.
ഈ വാഹനങ്ങൾ സൗത്ത് ഫ്ലൈ ഓവറിന്റെ അടിയിലൂടെ കടന്നുപോകണം. മാള റോഡിൽ ഇരിങ്ങാലക്കുട, പരിയാരം ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസുകൾ, ട്രാംവെവഴി അടിപ്പാതയിലൂടെ പോകുന്നത് ഒഴിവാക്കി, മുനിസിപ്പൽ ഓഫീസിനു മുന്നിലൂടെ സർവീസ് റോഡുവഴി സൗത്ത് ബസ് സ്റ്റാൻഡിലെത്തി, തിരിച്ച് ട്രങ്ക് റോഡ് ജംഗ്ഷൻ, ആനമലവഴി പോകണം.
പഴയ എൻഎച്ചിൽ കോ-ഓപ്പ്ടെക്സിന് മുന്നിലുള്ള ബസ് സ്റ്റോപ്പ്, അവിടെ നിന്നും കുറച്ച് തെക്കോട്ടുമാറ്റി പമ്പിനു തൊട്ടുമുൻപുള്ള സ്ഥലത്തേക്ക് മാറ്റാനും കടിച്ചീനി കോംപ്ലക്സിന് മുൻപിൽ അനധികൃതമായുള്ള ബസ് സ്റ്റോപ്പ് നിർത്തലാക്കാനും തീരുമാനിച്ചു.
സൗത്ത് ജംഗ്ഷനിൽനിന്നും തെക്കോട്ട് സർവിസ് റോഡുവഴി പോകുന്ന ബസുകളുടെ സ്റ്റോപ്പ് കുറച്ച് വടക്കോട്ടേക്ക് മാറ്റും. എറണാകുളം ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ഫ്ലൈ ഓവർ ഇറങ്ങി ദേശീയ പാതയിൽ ഇപ്പോൾ നിർത്തുന്ന സ്ഥലത്ത്, സ്ഥിരമായി അപകടങ്ങൾ ഉണ്ടാ കുന്ന സാഹചര്യത്തിൽ, ഇത് ഒഴിവാക്കാനും ഈ ബസുകൾ ചാലക്കുടി പാലം കടന്ന് സർവീസ് റോഡ് വഴി വന്ന് സൗത്ത് ഫ്ലൈ ഓവറിനുതാഴെ സുരാഗ് ബിൽഡിംഗിന് മുൻ ഭാഗത്തുനിർത്താനും ഇവിടെ നിന്നുള്ള എല്ലാ ദീർഘദൂര വാഹനങ്ങളും സ്കൂൾ ഗ്രൗണ്ടിനു സമീപത്തുനിന്നും ദേശീയപാതയിൽ പ്ര വേശിച്ചുപോകണമെന്നും തീരുമാനിച്ചു.
ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡ്, സമീപമുള്ള ട്രാൻസ് ഫോർമറിന് പടിഞ്ഞാറുഭാഗത്തേക്ക് സിദ്ധാർഥ ഹോട്ടലിന് മുൻ ഭാഗത്തേക്ക് മാറ്റാനും തീരുമാനിച്ചു.
ആനമല മോഡി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു പഴയ ദേശീയ പാതയിൽ, പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക മീഡിയൻ സ്ഥാപിക്കും. ഇവിടെ കിഴക്കുഭാഗത്തെ നോർത്ത് ബസ് സ്റ്റാൻഡിലേക്ക് പ്രവേ ശിക്കുന്ന റോഡിലെ ബെൽ മൗത്തുകൾ കൂടുതൽ സൗകര്യപ്പെടു ത്താനും ഇവിടെ റൗണ്ട് എബൗട്ട്, സിഗ്നൽ സംവിധാനം എന്നിവ ഒരുക്കുന്നത് സംബ ന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായംതേടി നടപ്പിലാക്കും.
റെയിൽവേ സ്റ്റേഷൻ റോഡിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കും. ആദ്യഘട്ടം സഹകരണ ബാങ്ക് ജംഗ്ഷൻ മുതൽ റെയിൽവേ ഫ്ലൈ ഓവർ വരെ റോഡിലെ പാർക്കിംഗ് പൂർണമായും നിരോധിക്കും.
ഇവിടെ ബസ് നിർത്തുന്നത് റോഡിലെ വളവുള്ള ഭാഗത്തായതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നതിനാൽ, ഇരുഭാഗത്തേക്കുമു ള്ള ബസ് സ്റ്റോപ്പുകൾ, ബാങ്കിന് സമീപമുള്ള ബസ് ഷെൽട്ടറിന്റെ ഭാഗത്ത് തന്നെയാക്കാൻ തീരുമാനിച്ചു.
റെയിൽവേ ഫ്ലൈ ഓവറിന്റെ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകൾ വൺവേആക്കും. വെയർഹൗസ്, വി.ആർ പുരം, കാരകുളത്തുനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, ഫ്ലൈ ഓവറിന്റെ കിഴക്കുഭാഗത്തുകൂടി പോകുന്നതിന്, ഇവിടെ ആവശ്യമായ റോഡ് സംവിധാനം ഒരുക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
കെഎസ്ആർടിസി റോഡ്, എസ്എച്ച് കോളജിനു മുൻഭാഗം, ദേശീയ പാത യിലെ സർവീസ് റോഡുകൾ പഴയ എൻ എച്ച് എന്നിവിടങ്ങിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ആവശ്യമായ സൈൻബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
മാർക്കറ്റ് റോഡിലെ വൺവെ സമ്പ്രദായം കർശനമായി നടപ്പിക്കാനും വെട്ടുകടവ് റോഡിലെ അനധികൃത ഓട്ടോറിക്ഷ പാർക്കിംഗും കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റവും ഒഴിവാക്കാനും തീരുമാനിച്ചു. ഗതാഗത പരിഷ്കാരം അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ ആലീസ് ഷിബു അറിയിച്ചു.
വൈസ് ചെയർമാൻ കെ.വി. പോൾ, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, എൽഡിഎഫ് ലീഡർ ജിൽ ആന്റണി, സ്ഥിരംസമിതി അധ്യക്ഷരായ ആനി പോൾ, ഒ. എസ്. ചന്ദ്രൻ , ജിയോ കിഴക്കുംതല, ഷീഫ സന്തോഷ്, കൗൺസിലർമാരായ വിൽസൻ പാണാട്ടുപറമ്പിൽ, വൽസൻ ചമ്പക്കര, കെ.ബി. ഉണ്ണികൃഷ്ണൻ, വി. ജെ. ജോജു, കെ. ടി. ജോണി, റെയ്സൻ ആലുക്ക, സൂസി സുനിൽ, നിധിൻ പുല്ലൻ, അനഘ, വിഷ്ണുപ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.